
ഭുവനേശ്വർ: സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സിപിഐ (മാവോയിസ്റ്റ്) സെൻട്രൽ കമ്മിറ്റി അംഗം ഗണേഷ് ഉയ്‌ക്കേയ്(69) അടക്കമുള്ളവരെയാണ് സുരക്ഷാസേന വധിച്ചത്. ഗണേഷിനൊപ്പം കൊല്ലപ്പെട്ട മൂന്ന് മാവോയിസ്റ്റുകളിൽ രണ്ടുപേർ സ്ത്രീകളാണ്.
ഇന്നു രാവിലെ ഒഡിഷയിലെ കന്ധമാൽ, ഗഞ്ചം ജില്ലാതിർത്തികളിലെ റാംപ വനമേഖലയിലാണ് സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായത്. ബിഎസ്എഫും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്.റാംപ വനമേഖലയിൽ പ്രവേശിച്ച സുരക്ഷാസേനയ്ക്ക് നേരേ ആയുധധാരികളായ മാവോയിസ്റ്റ് സംഘം വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പരസ്പരം രൂക്ഷമായ വെടിവെപ്പുണ്ടായി. ഇതിനുശേഷം സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് ഗണേഷ് ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
സിപിഐ മാവോയിസ്റ്റിന്റെ ഒഡിഷയിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നയാളാണ് ഗണേഷ് ഉയ്‌ക്കേ. ഇയാളുടെ തലയ്ക്ക് 1.1 കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. സിപിഐ മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റിയിൽ അവശേഷിക്കുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാൾകൂടിയാണ് ഗണേഷ്.
തെലങ്കാനയിലെ നൽഗോണ്ട സ്വദേശിയായ ഗണേഷ് കഴിഞ്ഞ 40 വർഷമായി മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ സജീവമാണ്. മാവോയിസ്റ്റുകളുടെ കേന്ദ്രനേതൃത്വത്തിനും പ്രാദേശിക നേതൃത്വങ്ങൾക്കും ഇടയിലുള്ള പ്രധാനകണ്ണിയായിരുന്നു ഇയാൾ. മാവോയിസ്റ്റ് 'ദണ്ഡകാരണ്യ സ്‌പെഷ്യൽ സോൺ കമ്മിറ്റി'യുടെ ചുമതല വഹിച്ചിരുന്ന ഇയാൾ മേഖലയിലെ പല ആക്രമണങ്ങളുടെയും മുഖ്യസൂത്രധാരനായിരുന്നു.











